പിആര്‍ ഇല്ലാതെ ആരാധകരെ സൃഷ്ടിക്കാനൊക്കുമോ..? അതും ഒരക്ഷരംപോലും ഉരിയാടാതെ..! തള്ളിപ്പറഞ്ഞ ക്യാപ്റ്റനെക്കൊണ്ട് ഹാറ്റ്സ് ഓഫ് വണക്കം സ്വന്തമാക്കാനൊക്കുമോ..? അതും ഒരാഴ്ചയ്ക്കുള്ളില്‍ ഗ്രൗണ്ടിനു നടുവില്‍വച്ച്..! കൂറ്റന്‍ സ്കോര്‍ പിന്തുടരുമ്പോഴും ഐസ്കൂളായി നില്‍ക്കാനൊക്കുമോ..? അതും തന്നില്‍ വിശ്വാസമില്ലാത്തൊരു മാനേജ്മെന്റിനു മുന്നില്‍..! പറ്റും, രവി ശാസ്ത്രി സഞ്ജു സ്പെഷല്‍ സാംസണ് എന്നു കമന്ററിയിലൂടെ വിശേഷിപ്പിച്ച, മലയാളികളുടെ സ്വന്തം സഞ്ജു വി. സാംസണിനു പറ്റും... ഐസിസി പുരുഷ ട്വന്റി-20 ലോകകപ്പ് സൂപ്പര്‍ എട്ട് ഗ്രൂപ്പ് ഒന്നിലെ നിര്‍ണായക മത്സരത്തില്‍ 97 റണ്‍സുമായി പുറത്താകാതെ നിന്ന സഞ്ജു അതു തെളിയിച്ചു. സഞ്ജുവിന്റെ ഈഡന് ഗാര്‍ഡന്‍സിലെ ആ ഇന്നിംഗ്സ് ആഘോഷിച്ച് മതിവരാതിരിക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍... മലയാളികളുടെ ചേട്ടാ വിളി ലോക ക്രിക്കറ്റിലേക്കെത്തിച്ച, സഞ്ജു ചേട്ടാ ലൗ യൂ...
► ഉയര്‍ച്ചതാഴ്ചകള്‍
ട്വന്റി-20 ലോകകപ്പ് ചരിത്രത്തില്‍ ഇന്ത്യയുടെ റിക്കാര്‍ഡ് ചേസിംഗ് (199/5) ആയിരുന്നു കോല്‍ക്കത്ത ഈഡന് ഗാര്‍ഡന്‍സില്‍ സഞ്ജുവിന്റെ ഇന്നിംഗ്സിലൂടെ ക്രിക്കറ്റ് ലോകം കണ്ടത്. വെസ്റ്റ് ഇന്‍ഡീസ് മുന്നോട്ടുവച്ചത് 196 റണ്‍സിന്റെ വിജയലക്ഷ്യം. 50 പന്തില്‍ നാല് സിക്സും 12 ഫോറും അടക്കം 97 റണ്‍സുമായി തലയുയര്‍ത്തി നിന്ന് സഞ്ജു പ്ലെയര്‍ ഓഫ് ദ മാച്ചായി. ഇന്ത്യന്‍ ഇന്നിംഗ്സിലെ രണ്ടാമത്തെ ഉയര്‍ന്ന സ്കോറുകാരന്‍ തിലക് വര്‍മയായിരുന്നു, 15 പന്തില്‍ 27 റണ്‍സ്! സഞ്ജുവിലേക്കുള്ള അന്തരം 70 റണ്‍സ്.
മത്സരശേഷം സഞ്ജു പറഞ്ഞത് ഇങ്ങനെ: “കരിയറില്‍ ഉയര്‍ച്ചതാഴ്ചകള്‍ ഉണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം എങ്ങനെ ശരിയാക്കാം എന്നതായിരുന്നു കൂടുതല്‍ അലട്ടിയത്. 50ല്‍ അധികം മത്സരങ്ങള്‍ ഇന്ത്യക്കായി കളിച്ചു. 100ല്‍ അധികം മത്സരങ്ങള്‍ ഡഗ്ഗൗട്ടില്‍ ഇരുന്നു കണ്ടു. വിരാട് കോഹ്ലിയും രോഹിത് ശര്‍മയും എം.എസ്. ധോണിയും ഇന്നിംഗ്സ് കെട്ടിപ്പടുക്കുന്നതു കണ്ടാണ് പഠിച്ചത്. ക്രിക്കറ്റ് കളിച്ചു തുടങ്ങിയപ്പോള്‍ മുതല്‍ ഇത്തരമൊരു ഇന്നിംഗ്സ് സ്വപ്നം കണ്ടിരുന്നു’’.
അതെ, ലോകകപ്പില്‍ സാക്ഷാല്‍ വിരാട് കോഹ്ലിയുടെ 82 നോട്ടൗട്ട് എന്ന ഏറ്റവും ഉയര്‍ന്ന ചേസിംഗ് സ്കോറും സഞ്ജു പിന്തള്ളി. രാജ്യാന്തര ട്വന്റി-20യില്‍ മൂന്ന് സെഞ്ചുറിയുള്ള സഞ്ജുവിനെ പ്ലേയിംഗ് ഇലവനു പുറത്തിരുത്തിയാണ് 2026 ലോകകപ്പിന് ഇന്ത്യന്‍ ടീം മാനേജ്മെന്റ് തുടക്കമിട്ടത്. ലീഗ് റൗണ്ടില്‍ അഭിഷേക് ശര്‍മയും തിലക് വര്‍മയുമെല്ലാം തികച്ചും ഫോം ഔട്ടായപ്പോഴും സഞ്ജു പുറത്തുതന്നെ ഇരുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ അഹമ്മദാബാദിലെ സൂപ്പര്‍ എട്ട് മത്സരത്തിനു മുമ്പ് മാധ്യമപ്രവര്‍ത്തകര്‍ സഞ്ജുവിനെ പ്ലേയിംഗ് ഇലവനില്‍ ഉള്പ്പെടുത്തരുതോ എന്ന് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനോട് ചോദിച്ചു. അഭിഷേകിനെയാണോ തിലകിനെയാണോ പുറത്തിരുത്തേണ്ടത് എന്ന ചോദ്യത്തോടെ, പരിഹാസച്ചിരിയായിരുന്നു സൂര്യയുടെ പ്രതികരണം.
പിതാവിന്റെ ആരോഗ്യപ്രശ്നത്തെയും മരണത്തെയും തുടര്‍ന്ന് റിങ്കു സിംഗ് വീട്ടിലേക്കു മടങ്ങിയതോടെയാണ് സഞ്ജു പ്ലേയിംഗ് ഇലവനില്‍ എത്തിയത്. സിംബാബ്വെയ്ക്ക് എതിരായ സൂപ്പര്‍ എട്ട് മത്സരത്തില്‍ 15 പന്തില്‍ 24 റണ്‍സ് അടിച്ചെടുത്ത് ഇന്ത്യക്ക് മികച്ച തുടക്കം നല്കി. തുടര്‍ന്ന് വെസ്റ്റ് ഇന്‍ഡീസിനെതിരേ ഇന്ത്യയെ ജയത്തിലെത്തിച്ച 97 നോട്ടൗട്ട്, സഞ്ജുവിന്റെ ക്രിക്കറ്റ് ജീവിതത്തില്‍ എന്നും ഓര്‍മിക്കപ്പെടുന്ന ഇന്നിംഗ്സ്... ഇന്ത്യ സെമിയിൽ, സൂര്യകുമാർ ഗ്രൗണ്ടിലെത്തി വണങ്ങി...
► 100 % കണ്ട്രോള്
സഞ്ജുവിന്റെ കരിയറിലെ ഏറ്റവും മികച്ച ഇന്നിംഗ്സായിരുന്നു കോല്ക്കത്തയിലേത്. കാരണം, ഷോട്ട് സെലക്ഷനും ബാറ്റിംഗ് കണ്ട്രോളും ക്രീസിലെ ശാന്തതയും. അഭിഷേക് ശര്‍മയും (10) ഇഷാന് കിഷനും (10) സൂര്യകുമാര്‍ യാദവും (18) തിലക് വര്‍മയും (27) ഹാര്‍ദിക് പാണ്ഡ്യയും (17) കൂറ്റനടിക്ക് ശ്രമിച്ചപ്പോള്‍ സഞ്ജു ഐസ്കൂളായിരുന്നു. മറ്റുള്ളവര്‍ സിക്സര്‍ പറത്താന്‍ ശ്രമിച്ച് പുറത്തായപ്പോള്‍ ഏതു പന്ത് വേലിക്കെട്ടിനു പുറത്തേക്കു പറപ്പിക്കണമെന്നും ഏതു പന്തിനെ ബഹുമാനിക്കണമെന്നും ഉറപ്പിച്ചായിരുന്നു സഞ്ജു ക്രീസില്‍ നങ്കൂരമിട്ടത്. ഓവറില്‍ 10 ശരാശരി റണ്‍സ് ഇന്ത്യക്കു വേണ്ടിയപ്പോള്പോലും സമ്മര്‍ദത്തിനു കീഴ്പ്പെടാന്‍ സഞ്ജു കൂട്ടാക്കിയില്ല. അതേസമയം, മികച്ച പന്തുകളില്‍ സിംഗിള്‍ എടുത്ത്, മോശം പന്തിനായി സഞ്ജു കാത്തിരുന്നു. ഇന്നിംഗ്സിന്റെ ഏതുസമയത്തും ബൗണ്ടറി പായിക്കാന്‍ തനിക്കു സാധിക്കുമെന്ന ആത്മവിശ്വാസമായിരുന്നു സഞ്ജുവില്‍ കണ്ടത്. ബൗളര്‍മാര്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്നു മനസിലാക്കിയുള്ള മൈന്‍ഡ് ഗെയിം. കോണ്‍ഫിഡന്‍സ് ആന്‍ഡ് കണ്ട്രോള്, ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച മാസ്റ്റര്‍ ക്ലാസ് ചേസിംഗുകളില്‍ ഒന്നായിരുന്നു ഈഡന് ഗാര്‍ഡനില്‍ സഞ്ജു കാഴ്ചവച്ചത്.
► ഷോട്ട് സെലക്ഷന്
ന്യൂസിലന്‍ഡിന് എതിരായ പരമ്പരയില്‍ ബാക്ക് ഫുട്ടിലേക്കു വലിഞ്ഞ്, വിക്കറ്റ് തുറന്നുകാണിച്ചുള്ള ബാറ്റിംഗിലൂടെ സഞ്ജു ഏവരെയും നിരാശപ്പെടുത്തി. 10, 6, 0, 24, 6 എന്നതായിരുന്നു ന്യൂസിലന്‍ഡ് പരമ്പരയില്‍ സഞ്ജുവിന്റെ പ്രകടനം. ബാക്ക് ഫുട്ടിലേക്കു വലിഞ്ഞുള്ള ക്രോസ് ബാറ്റിംഗ് പിന്നിലുപേക്ഷിച്ചായിരുന്നു സഞ്ജു കോല്‍ക്കത്ത വാണത്. വിമര്‍ശനമേറ്റുവാങ്ങിയ, ബാക്ക് ഫുട്ടിലേക്കു വലിഞ്ഞ് പന്തിന്റെ പേസ് ഉപയോഗിച്ചുള്ള സ്ക്വയര്‍ ഷോട്ടുകള്‍ക്കു പകരം, അഡ്വാന്‍സ് ചെയ്തുള്ള സ്ട്രെയ്റ്റ് ബാറ്റിംഗായിരുന്നു സഞ്ജു കാഴ്ചവച്ചത്. വിന്‍ഡീസ് നിരയിലെ ഏറ്റവും വേഗക്കാരനായ ഷമാര്‍ ജോസഫിനെ പവര്‍ പ്ലേയില്‍ സ്ട്രെയ്റ്റ് ഡ്രൈവിലൂടെ ബൗണ്ടറി കടത്തി. റൊമാരിയോ ഷെപ്പേര്‍ഡിനെ ബൗണ്ടറി കടത്തിയുള്ള വിജയ റണ്‍ കുറിച്ചതും സ്ട്രെയ്റ്റ് ബാറ്റ് രീതിയിലൂടെ. വിന്‍ഡീസിനെതിരേ സ്ട്രെയ്റ്റ് ബാറ്റിംഗ് ശൈലിയായിരുന്നു സഞ്ജു ഏറ്റവും കൂടുതല്‍ ഉപയോഗിച്ചത്. ക്രോസ് ബാറ്റിംഗ് രീതിയിലുള്ള കട്ട് ഷോട്ട് കളിച്ചില്ലെന്നല്ല. കട്ട് ഷോട്ടുകള്‍ ഗ്രൗണ്ടിനുള്ളില്‍ ഹിറ്റ് ചെയ്യിച്ചായിരുന്നു എന്നു മാത്രം. റിസ്ക് ഫാക്ടര്‍ പൂര്‍ണമായി ഒഴിവാക്കിയുള്ള ബാറ്റിംഗ്.
► കണ്ണീര്‍മഴയത്ത്
കണ്ണീര്‍മഴയത്ത് ചിരിയുടെ കുട ചൂടുന്നൊരാള് ക്രിക്കറ്റില്‍ ഉണ്ടെങ്കില്‍ അത് സഞ്ജുവാണ്. വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് ഋഷഭ് പന്തിനേക്കാള്‍ ഉയര്‍ന്ന സ്ട്രൈക്ക് റേറ്റ് ഉണ്ടായിരുന്നിട്ടും ഒരു കാലത്ത് പടിക്കു പുറത്തായിരുന്നു. 2015 ജൂലൈയില്‍ സിംബാബ്വെയ്ക്ക് എതിരേ ട്വന്റി-20 അരങ്ങേറ്റം നടത്തിയ സഞ്ജുവിന് രണ്ടാം മത്സരത്തിനായി 2020 ജനുവരി വരെ കാത്തിരിക്കേണ്ടിവന്നെന്നതു ചരിത്രം. പിന്നീട് ശുഭ്മാന്‍ ഗില്ലിനും 2026 ലോകകപ്പില്‍ ഇഷാന് കിഷനുമെല്ലാമായി മാറിനില്‍ക്കേണ്ടിവന്നു. എങ്കിലും ടീം മാനേജ്മെന്റിനെതിരേ ഒരു വാക്കുപോലും ശബ്ദിച്ചില്ല. തഴയപ്പെടുമ്പോള്‍ വികാരംകൊള്ളുന്ന പല താരങ്ങളെയും ക്രിക്കറ്റ് ലോകം കണ്ടിട്ടുണ്ട്. സഞ്ജു അവരില്‍നിന്നു വ്യത്യസ്തനായി. വിയര്പ്പിനാല് തുന്നിയ കുപ്പായമാണ് തന്റേതെന്നും നിറം മങ്ങില്ലെന്നും സഞ്ജുവിന് അറിയാം.
ദേശീയ ക്രിക്കറ്റ് ജീവിതത്തില്‍ പലര്‍ക്കുംവേണ്ടി സഞ്ജു തഴയപ്പെടുന്നത് പതിവായതോടെയാണ് പിആര്‍ ഇല്ലാതെ ആരാധകര്‍ അദ്ദേഹത്തിനു പിന്നില്‍ അണിനിരന്നത്. ഇന്നത്തെ ദേശീയ ടീം കോച്ച് ഗൗതം ഗംഭീര്‍ മുതല്‍ സുനില്‍ ഗാവസ്കര്വരെ ആ പട്ടികയിലുള്‍പ്പെട്ടു. ഇന്നിപ്പോള്‍ ഒരു പിആറിനും നേടാവുന്നതിലും മുകളിലാണ്സഞ്ജുവിന്റെ ഫാന്‍ ബേസ്. ഐപിഎല്ലിൽ ഏറ്റവും ആരാധകരുള്ള ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ സ്വന്തം താരം. ഈ ഫാന്‍ ബേസാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ ഇന്ത്യയിലെ ബ്രാന്‍ഡ് അംബാസഡറായി സഞ്ജുവിനെ നിയമിക്കാനുള്ള കാരണം. ഇതെല്ലാംകൊണ്ടുതന്നെ, സഞ്ജു ചേട്ടനായി വിസില്‍ പോടാം..